ആള്‍ തിരക്കില്ലാത്ത ശാന്തമായ ഒരിടത്തേക്ക് യാത്ര തിരിക്കണമെന്ന് ആഗ്രഹിക്കുവാന്‍ തുടങ്ങിയിട്ട് നാളേറെയായി. ചെറിയൊരു യാത്രക്ക് വേണ്ടി സുഹൃത്തുക്കളെല്ലാം കാത്തിരിക്കുകയായിരുന്നു. ഒരു യാത്ര പോയി വന്നാല്‍ സാധാരണയായി പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് നീയിങ്ങനെ നാടുതെണ്ടി നടക്കുവാണല്ലോ? എപ്പോള്‍ നോക്കിയാലും ട്രിപ്പ് ആണല്ലോ? ഇനി അടുത്ത ട്രിപ്പ് എങ്ങോട്ടാ? എന്നൊക്കെ ഉള്ള പതിവ് ചോദ്യങ്ങള്‍.
‘ യാത്ര ഒരു തരം ലഹരിയാണ് ഭായ്. അതെത്ര നുകര്‍ന്നാലും മതിവരാത്ത ഒരു വീഞ്ഞ് പോലെയാണ് ‘. പഴകും തോറും അനുഭവങ്ങളുടെയും അനുഭൂതിയുടെയും ഭാണ്ഡക്കെട്ടുമായ് വീണ്ടും അറ്റമില്ലാത്ത ഒരിടത്തേക്ക് യാത്ര തിരിക്കുവാന്‍ മനസ്സിങ്ങനെ പ്രേരിപ്പിച്ചു കൊണ്ടിരിക്കും .
‘Travel opens your Heart, Braodens your mind and fills your life with stories to tell’. we will have findout hapiness by journey. And enjoy every movements. ആ… ! അതൊന്നും ഇപ്പോള്‍ നിങ്ങളോട് പറഞ്ഞാല്‍ മനസ്സിലാവില്ലല്ലൊ . പറഞു വരുന്നത് കഴിഞ്ഞ യാത്രയുടെ കൊച്ചു കൊച്ചു വിശേഷങ്ങളാണ് ട്ടൊ.
ഈ യാത്രയില്‍ എന്നോടൊപ്പം സഹയാത്രികരായി കൂടെയുള്ളത് അസ്‌ലം, ഷിബിലി, ജുബൈര്‍, സിറാജ്, വിച്ചു എന്നിവര്‍. കൊടൈക്കനാല്‍ ആയിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. അപ്പഴാ അസ്‌ലം പറഞ്ഞത് കൊടൈക്കനാലില്‍ കുറേ പോയതല്ലേ, പിന്നെ ടൂറിസ്റ്റുകളുടെതിരക്കും. നമുക്ക് ആള്‍ തിരക്കില്ലാത്ത ഒരിടത്തേക്ക് നോക്കുന്നതായിരിക്കും നല്ലത്. ഒരു പാട് കാഴ്ചകള്‍ കാണുന്നതിലല്ല കാര്യം . ബഹളങ്ങളൊന്നുമില്ലാത്ത ഒരിടത്തു സ്വസ്ഥമായി നമുക്ക് രണ്ടു ദിവസം ചിലവഴിക്കാം .
പ്ലാനുകള്‍ പലതും ഞങ്ങള്‍ക്കിടയില്‍ മിന്നി മറഞ്ഞു. അവസാനം പ്ലാനുകള്‍ ചെന്നെത്തിയത് ഒരു സിനിമയിലെ ലൊക്കേഷനിലേക്ക് ആയിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ സ്ഥലം ഞങ്ങള്‍ക്ക് രണ്ടാമത്തെ ദിവസമാണ് സന്ദര്‍ശിക്കാന്‍ സാധിച്ചത്. അത് പിന്നീട് വിശദമായി വിവരിക്കാം.
ഏറ്റവും പഴക്കമേറിയ ജനവാസ കേന്ദ്രവും 300 വര്‍ഷത്തെ ചരിത്രം ഉറങ്ങുന്ന ഗ്രാമങ്ങളുള്ള പൂമ്പാറ പൂണ്ടി മന്നവന്നൂര്‍ എന്നീ ഗ്രാമങ്ങളിലേക്ക് ആയിരുന്നു ഞങ്ങളുടെ ഈ യാത്ര. വെള്ളിയാഴ്ച രാത്രി 11മണിക്ക് ഞങ്ങള്‍ ആര്‍ പേരടങ്ങുന്ന സംഘം ഇന്നോവ വണ്ടിയില്‍ വളാഞ്ചേരിയില്‍ നിന്നും യാത്ര തിരിച്ചു. വാഹനത്തിനു കത്തിച്ചു തീര്‍ക്കാനുള്ള ഡീസലും അടിച്ചു. ചെര്‍പ്പുളശ്ശേരി മുണ്ടൂര്‍ വഴി പാലക്കാട് ലക്ഷ്യമാക്കി വണ്ടി കുതിച്ചു. അത്യാവശ്യം എല്ലാവരും നല്ല തള്ള് തള്ളുന്നത് കൊണ്ട് വണ്ടിയും പെട പെടച്ചു പോയി കൊണ്ടിരിക്കുന്നു.
പാലക്കാട് കഴിഞ്ഞു പൊള്ളാച്ചി, ഉദുമല്‍ പെട്ട്, പളനി വഴിയാണ് ഇനി യാത്ര ചെയ്യാനുള്ളത്. ഈ റൂട്ടില്‍ ഏകദേശം നാല് ഇടങ്ങളിലായി 900 രൂപയോളം ലഞ്ചം പിഴിഞ്ഞു ഇവിടുത്തെ പോലീസുകാര്‍. വണ്ടിയുടെ പേപ്പേഴ്‌സ് എല്ലാം ക്ലിയര്‍ ആയിരുന്നു. ചെറിയൊരു പ്രശനം എന്തെന്നാല്‍ ആര്‍സി യുടെ ഒര്‍ജിനല്‍ വണ്ടിയിലില്ലാ. പോരാത്തതിന് സ്റ്റേറ്റ് മാറുമ്പോള്‍ ഒര്‍ജിനല്‍ ആര്‍സി യും യഥാര്‍ത്ഥ ആര്‍സി ഓണറും വേണം. ഇതിപ്പോള്‍ റെന്റ് വെഹിക്കിള്‍ ആയതോണ്ട് രണ്ടിനും നിവര്‍ത്തി ഇല്ല. ഒരു കാര്യം ഉറപ്പാണ് അവര്‍ക്ക് നൂറൊ ഇരുന്നൂറൊ ലഞ്ചം കിട്ടണം കിട്ടുന്നവരെ അവരിങ്ങനെ പലതും പറഞ്ഞു ചൊറിഞ്ഞു കൊണ്ടിരിക്കും. അവസാനം നൂറും ഇരുന്നൂറും തിരുകി കൊടുത്താന്ന് പല ചെക്ക് പോയിന്റും കടത്തി വിട്ടത്. രാത്രിയില്‍ ഇവന്മാര്‍ ഇതിനായി ഇറങ്ങി തിരിച്ചതാന്നു ഇതേ റൂട്ടില്‍ പകല്‍ സമയം തിരിച്ചു വരുമ്പോള്‍ മനസ്സിലായി.
കൈ പിരിവുകളില്‍ പല കോമഡിയും കഴിഞ്ഞു പളനില്‍ നിന്നും 14 ഹെയര്‍ പിന്‍ വളവുകളുള്ള കൊടൈ ( കൊടൈക്കനാല്‍ ) ചുരം കയറാന്‍ തുടങ്ങി. ഇടുങ്ങിയ റോഡിലൂടെ രാത്രിയുടെ കൂരിരുളിനെ നിശബ്ദമാക്കി മാനത്തൊരു ചന്ദ്രന്‍ പളനി മലനിരകള്‍ക്ക് മുകളിലിങ്ങനെ വെട്ടി തിളങ്ങി നില്‍ക്കുന്ന കാഴ്ച എത്ര മനോഹരമായിരുന്നു. കൊടൈ കാറ്റിന്റെ വീജിയിലൂടെ ചുരത്തിലെ വളവുകള്‍ ഓരോന്നും തിരിയുമ്പോള്‍ കാണുന്ന ആകാശത്തുള്ള നക്ഷത്രകൂട്ടങ്ങള്‍. ഇങ്ങിനെ ഒരു കാഴ്ചകള്‍ കണ്ടിട്ട് വര്‍ഷങ്ങളോത്തിരിയായി കാണും.
രാത്രിയുടെ ഈ മനോഹര കാഴ്ചകള്‍ ഒരുക്കിവെച്ച കൊടൈ മല നിരകളില്‍ പ്രഭാതം പുലരുമ്പോഴുള്ള കാഴ്ചകള്‍ എത്ര മനോഹരമായിരിക്കണം !!.
വെളുപ്പിന് അഞ്ച് മണിക്ക് കൊടൈക്കനാല്‍ പട്ടണത്തിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു . ഒന്ന് ഫ്രഷപ്പ് ആകുവാനുള്ള റൂം തിരഞു നടന്നു. ഏകദേശം ഒന്നര മണിക്കൂര്‍ കറക്കത്തിന് ശേഷം ഒന്നും സെറ്റ് ആയതില്ല. അവസാനം പൂണ്ടി എന്ന സ്ഥലത്ത് ശനിയാഴ്ച വൈകിട്ട് അവിടെ താമസ സൗകര്യത്തിന് മുന്‍കൂട്ടി വിളിച്ചു ബുക്ക് ചെയ്തിട്ടുള്ളത്. മോഹന്‍ രാജന്റെ നമ്പറില്‍ ഒന്നൂടെ വിളിച്ചു . ആള്‍ക്ക് ഒക്കെ. വരാന്‍ പറഞ്ഞു ലൊക്കേഷനും വാട്‌സ്ആപ്പ് ചെയ്തു തന്നു. കൊടൈക്കനാലില്‍ നിന്നും വണ്ടി നേരെ പൂണ്ടിയിലേക്കുള്ള റൂട്ടിലേക്ക് കയറി.
കൊടൈക്കനാലില്‍ നിന്ന് പൂണ്ടിയിലേക്ക് 40 km ദൂരമുണ്ട്. പോകുന്ന വഴിയിലാണ് പൂമ്പാറയും, മന്നവന്നൂരും, കളവരയുമെല്ലാം. യൂക്കാലി മരങ്ങളും പൈന്‍ മരങ്ങളും റോഡിന്റെ ഇരു വശങ്ങളിലും കണ്‍കുളിര്‍മയേകുന്ന കാഴ്ചകള്‍ നല്‍കി കൊണ്ടിരുന്നു.അധികം വാഹനങ്ങള്‍ കടന്നു വരാത്ത ഇടുങ്ങിയ വൃത്തിയുള്ള ഈ വഴിയിലൂടെയുള്ള പ്രഭാതത്തിലെ കാഴ്ചകള്‍ എങ്ങിനെ വിവരിക്കണമെന്നറിയില്ല അത്രെയും മനോഹരമായ വീഥികള്‍.
കുറേ നേരം കറങ്ങി നടന്ന ശേഷം അതിര്‍ത്തി ഗ്രാമം ആയ കിലാവരയിലെക്ക് പോകുന്ന റൂട്ടിലെ കൗഞ്ചിഎന്ന ഗ്രാമത്തില്‍ എത്തിച്ചേരും മല മുഴുവന്‍ വെട്ടി തട്ടുകളായി തിരിച്ചു കൃഷി ചെയ്തിരിക്കുന്നത് കണ്ടാല്‍ ശരിക്കും അത്ഭുതം തോന്നിപ്പോകും. തനി നാടന്‍ വഴികള്‍ കൗഞ്ചിയും പിന്നിട്ട് 2 km കൂടി കടന്നു പോയാല്‍ പൂണ്ടി എന്ന ഗ്രാമത്തിലെത്തും.
ഇവിടെ മുഴുവന്‍ വെളുത്തുള്ളി കൃഷിയാണ് കൂടുതല്‍ ‘ തമിഴില്‍ പൂണ്ട് എന്നാല്‍ (വെളുതുള്ളി ) എന്നാണ് അതിനാലാവണം ഈ സ്ഥലത്തിന് പൂണ്ടി എന്ന പേര് വന്നതെന്ന് തോന്നുന്നു ‘.
പളനി മലനിരകളുടെ താഴ്വരകളില്‍ വെച്ച് രാജഭരണ കാലത്ത് നടന്ന യുദ്ധങ്ങളില്‍ ഭയന്നിട്ടും അതുപോലെ യുദ്ധത്തില്‍ തോല്‍വി സംഭവിച്ച നാട്ടിലെ പ്രജകളോക്കെയാണ് പൂമ്പാറ പൂണ്ടി എന്നീ മലകളിലേക്ക് കുടിയേറ്റക്കാരായി വന്നണഞ്ഞത്. പിന്നീട് 1800 കള്‍ക്ക് ശേഷമെത്തിയ ബ്രിട്ടീഷുകാര്‍ കൊടൈക്കനാല്‍ കേന്ദ്രമാക്കി വിവിധ സ്ഥാപനങ്ങള്‍ തുടങ്ങിയപ്പോളും അവര്‍ ഉപയോഗിച്ചതും ആദ്യകാലത്ത് കുടിയേറ്റക്കാരായി ഈ ഗ്രാമങ്ങളില്‍ വന്നു ചേര്‍ന്ന ഗ്രാമീണരുടെ പാതകള്‍ തന്നെയായിരുന്നു. കുടിയേറ്റങ്ങളും ബ്രിട്ടീഷ് അധിനിവേശങ്ങളുമായി ഈ ഗ്രാമങ്ങളിലൂടെ വര്‍ഷങ്ങള്‍ കടന്നു പോയി… ഇന്നും സഞ്ചാരികളുടെ തിരക്കില്ലാത്ത ഒരിടമായി ഈ ഗ്രാമങ്ങളിപ്പോഴും നിശബ്ദമായി നിലകൊള്ളുകയാണ്.
വെളുത്തുള്ളി മാത്രമല്ല വര്‍ഷത്തില്‍ കാലാവസ്ഥക്ക് അനുസൃതമായി മൂന്ന് പ്രാവശ്യം കൃഷി ഇറക്കുന്നുണ്ട് ഇവിടെ . ഞങ്ങള്‍ പോയ സമയത്ത് ഇരുളക്കിഴങ്, ബീന്‍സ്, വെളുത്തുള്ളി, ക്യാരറ്റ്, മല്ലി, ഇതൊക്കെ ആയിരുന്നു ആ സമയത്തെ അവിടുത്തെ പ്രധാന കൃഷികള്‍. ഈ കൃഷികള്‍ വിളവെടുത്തു കഴിയുമ്പോഴേക്കും നല്ല മഴ പിടിക്കും പിന്നീട് അതിനൊത്ത മറ്റു കൃഷികള്‍ വീണ്ടും ഇറക്കുവാന്‍ തുടങ്ങും. ചുരുക്കി പറഞ്ഞാല്‍ ഇടതടവില്ലാതെ കൃഷിയിറക്കുന്ന ഒരു കാര്‍ഷിക ഗ്രാമമാണ് പൂണ്ടി.
പൂണ്ടിയിലെ ബ്ലാക്ക് ഫോറെസ്റ്റ് ടെന്റ് സ്റ്റേയില്‍ ആയിരുന്നു ഞങ്ങള്‍ക്ക് താമസിക്കാനുള്ളത്. പൂണ്ടി ഡാമിനോട് ചേര്‍ന്ന് കിടക്കുന്ന ഈ സ്ഥലത്തേക്ക് പൂണ്ടിയില്‍ നിന്നും 2 km ഓഫ് റോഡ് ഉണ്ട്. ജീപ്പ് റോഡിലൂടെ ഞങ്ങള്‍ അവിടെ എത്തിച്ചേര്‍ന്നപ്പഴേക്കും 9 മണി ആയിട്ടുണ്ടാകും.
ഒരു വലിയ ടെന്റ് ഞങ്ങള്‍ക്ക് വേണ്ടി അവര്‍ സെറ്റ് ചെയ്തു വെച്ചിരുന്നു സ്ലീപ്പിങ് ബാഗ്, കുടിവെള്ളം എല്ലാം സെറ്റ്. ഉച്ചയ്ക്കുള്ള ലഞ്ചും റെഡിയാക്കാന്‍ പറഞ്ഞു എല്ലാവരും പോയി ഫ്രഷപ്പ് ആയി കുറച്ച് സമയം കിടന്നുറങ്ങി. നട്ടുച്ച സമയത്തും നല്ല കുളിരുള്ള തണുപ്പ് കോച്ചുന്ന ഇവിടം വെയിലിന്റെ ചൂട് ഒട്ടും അറിയുന്നില്ല . ഏകദേശം ഒരു മണിക്ക് ലഞ്ച് വന്നു. അടിപൊളി സാമ്പാര്‍, രസം, ഓംബ്‌ളറ്റ് ചേര്‍ത്തൊരു ശാപ്പാടും പിടിപ്പിച്ചു . നേരെ പൂണ്ടി ഡാമിനോട് ചേര്‍ന്നു കിടക്കുന്ന സ്ഥലങ്ങള്‍ ചുറ്റിയടിക്കാന്‍ വെച്ചു പിടിച്ചു. അവിടുത്തെ പരിസരപ്രദേശങ്ങള്‍ കുറച്ച് കറങ്ങി. ശേഷം മന്നവന്നൂര്‍ പോകാനുള്ള പ്ലാനില്‍ അവിടുന്ന് തിരിച്ചു.
ഇനി ഒത്തിരി ദൂരം നടക്കണം അടുത്ത ജംഗ്ഷന്‍ ആയ പൂണ്ടിയിലേക്ക് അവിടുന്ന് കൗഞ്ചിയിലേക്കും. ഒരുമണിക്കൂര്‍ നടത്തിത്തിനു ശേഷം കൗഞ്ചിയില്‍ എത്തി ടീ കടയില്‍ കയറി ഓരോ ചായയും പറഞ്ഞു. മന്നവന്നൂരിലേക്ക് ഉള്ള ഒരു ബസ് പോയി പത്തു മിനിറ്റ് കഴിഞ്ഞു എന്നറിയാന്‍ പറ്റി. ഇനി 4 മണിക്ക് ഒരു ലാസ്റ്റ് ബസ് ഉണ്ട് അതില്‍ പോയാല്‍ നാലരയ്ക്ക് മന്നവന്നൂരില്‍ എത്തും. അഞ്ചു മണിക്ക് ടിക്കറ്റ് കൌണ്ടര്‍ ക്ലോസ് ചെയ്യും. തിരിച്ചു മന്നവന്നൂരില്‍ നിന്ന് കൗഞ്ചിയിലേക്കുള്ള ലാസ്റ്റ് ബസ് 5.30 ആണ്. വല്ല ഓട്ടോയും ടാക്‌സിയും കിട്ടോന്ന് അന്വേഷിച്ചു നടപ്പായി. ഓട്ടോ ഈ ഏരിയയില്‍ ഇല്ലെന്നു തോന്നുന്നു. പേരിനൊരു ടാക്‌സി കാര്‍ പോലും അവിടെ ആ സമയത്ത് കിട്ടിയില്ല . അവസാനം പ്ലാന്‍ മാറ്റി തിരിച്ചു സ്റ്റേ ചെയ്ത സ്ഥലത്തേക്ക് തന്നെ മടങ്ങാന്‍ തീരുമാനിച്ചു. രണ്ടു ക്രിക്കറ്റ് ബോളും കുറച്ച് സ്‌നാക്‌സും വാങ്ങിച്ചു തിരികെ ബ്ലാക്ക് ഫോറെസ്റ്റ് സ്റ്റേയിലേക്ക് വന്നു. കുറച്ച് സമയം അവിടെ ക്രിക്കറ്റ് കളിയിലേര്‍പ്പെട്ടു . 6 മാണിയോട് അടുക്കും സമയം വീണ്ടും യൂക്കാലി മരങ്ങള്‍ക്കിടയിലൂടെ ട്രെക്കിങ്ങ് തുടങ്ങി. തട്ട് തട്ടായി കൃഷി ചെയ്യുന്ന പൂണ്ടിയിലെ കൃഷിയിടങ്ങളോക്കെ ചുറ്റിയടിച്ചു . നേരം ഇരുട്ടിതുടങ്ങിയപ്പോള്‍ വീണ്ടും ക്യാമ്പ് സൈറ്റിലേക്ക് തിരിച്ചു .
ഇന്ന് രാത്രി ഇവിടെയാണ് ഞങ്ങള്‍ക്ക് അടിച്ചു പൊളിക്കാനുള്ളത്. ക്യാമ്പ് സൈറ്റ് നോക്കുന്ന മണി എന്ന പയ്യന്‍ വന്നു ക്യാമ്പ് ഫയര്‍നുള്ള ഒരുക്കങ്ങള്‍ തുടങ്ങി. കൂടെ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തിരുന്ന ചിക്കനും കൊണ്ടു വന്നു. വണ്ടിയില്‍ ഒരു ഗ്രില്‍ ഞങ്ങള്‍ കൊണ്ടുവന്നിരുന്നു. അതെടുത്തു ചിക്കന്‍ ഗ്രില്ലിലുള്ള കനല്‍ കത്തിക്കാന്‍ തുടങ്ങി. ക്യാമ്പ് ഫയറും ഗ്രില്‍ ചിക്കനും ആട്ടവും പാട്ടുമായി സമയം പോയതറിഞ്ഞില്ല. ടെന്റില്‍ കയറി മയങ്ങാന്‍ ഒരുങ്ങിയപ്പോള്‍ പാതി രാത്രിയോടടുത്തിരിക്കും. തണുത്തു വിറക്കുന്ന ആ രാത്രിയില്‍ സുഖമായി എല്ലാവരും നിദ്രപൂണ്ടു .
കാലത്ത് ഏഴുമണിക്ക് എണീറ്റു ഫ്രഷപ്പ് എല്ലാം കഴിഞ്ഞു ചൂടോടെ ഇഡലിയും ചട്‌നിയും പരിപ്പ് താളും കൂട്ടി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. ഇത്രെയും മനോഹരമായ ഒരിടം ഞങ്ങള്‍ക്കു വേണ്ടി ഒരുക്കി വെച്ച ബ്ലാക്ക് ഫോറെസ്റ്റ് സ്റ്റേയോട് വിടപഞ്ഞു ഞങ്ങളിറങ്ങി. ഇനിയാണ് മലയാള തമിഴ് സിനിമകള്‍ക്ക് വേദിയായ ഞങ്ങളുടെ ആ സ്വപ്നലോകത്തിലെ ലൊക്കേഷന്‍ തേടി യാത്രയാകുന്നത്.
എഴുതിയതിനേക്കാള്‍ മനോഹരമായ ഈ ഗ്രാമത്തിന്റെ കാഴ്ചകളും അനുഭവങ്ങളും ജീവിതത്തിലുടനീളം എനിക്കു സ്വന്തം.
Nb : പൂണ്ടി ഒരു ടൂറിസ്റ്റ് പ്ലേസ് അല്ല ‘ ജീവിത തിരക്കുകളില്‍ നിന്നും ഒരല്പം ശാന്തത ആഗ്രഹിക്കുന്നവര്‍ക്ക് വന്നിരിക്കാന്‍ പറ്റിയ ആള്‍ തിരക്കില്ലാത്ത ഒരു കാര്‍ഷിക ഗ്രാമം ആണ് പൂണ്ടി.
നന്ദി Sakeer Vazheliparambil, Binu Gopal നല്ലൊരു കിടിലന്‍ സ്റ്റേ ഞങ്ങള്‍ക്കു വേണ്ടി സജസ്റ്റ് ചെയ്തു തന്നതിന്.
ലൊക്കേഷന്‍____പൂണ്ടി പൂണ്ടി_ഡാം.
വളാഞ്ചേരി ടു പളനി
ചെര്‍പ്പുളശേരി, മുണ്ടൂര്‍, പാലക്കാട്, പൊള്ളാച്ചി, ഉദുമലപേട്ട്, പളനി,
പളനി കൊടൈക്കനാല്‍ 65 km
കൊടൈക്കനാല്‍ പൂണ്ടി 40 km.
COMMENTS